പട്‌ന: ബിഹാറിലെ അധ്യാപകര്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 100 പേരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് മുറികളിലേക്ക് തോക്ക് പോലെത്തെ മാരക ആയുധങ്ങള്‍ കൊണ്ടുവരിക, ക്ലാസ് മുറികളില്‍ ബെഡ് കൊണ്ടുവരിക, അശ്ലീല വീഡിയോ കാണുകയും കാണിക്കുകയും ചെയ്യുക, ഗുട്ക ക്ലാസില്‍ വച്ച് ചവയ്ക്കുക തുടങ്ങി നിരവധി പരാതികളാണ് അധ്യാപകര്‍ക്കെതിരേ ലഭിച്ചത്. കൂടാതെ സ്ഥിരമായി മേശകളില്‍ കാലുകള്‍ കയറ്റി വയ്ക്കുക, മറ്റ് സാമ്പത്തിക തട്ടിപ്പ് എന്നീ പരാതികളും ലഭിച്ചിട്ടുണ്ട്. സസ്‌പെന്റ് ചെയ്തവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അധ്യാപകര്‍ക്കെതിരേ ലഭിച്ച പരാതികളെ തുടര്‍ന്നാണ് നടപടി. ഒരു ഇ റിക്ഷാ ഡ്രൈവറില്‍ നിന്നും പണം തട്ടിയെടുത്ത അധ്യാപകനെതിരേ വീഡിയോ സഹിതമാണ് തെളിവ് ലഭിച്ചിരിക്കുന്നത്. അധ്യാപകര്‍ക്കെതിരായ പ്രത്യേക പരാതികളെകുറിച്ച് ഒരു പരമാര്‍ശവും നടത്താത്ത ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി സുനില്‍ കുമാറിനെതിരേ പ്രതിഷേധം ഉണ്ടായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട എല്ലാപരാതികളും സ്‌കൂളില്‍ നിന്ന് ലഭിച്ച മറുപടിയും മറ്റ് റിപ്പോര്‍ട്ടും ഉടന്‍ അന്വേഷണ കമ്മീഷന്‍ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.