അസുഖമാണെന്ന്; ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല
പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പോലിസ് തീരുമാനിച്ചിരുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു.
മുംബൈ: ലൈംഗികപീഡനക്കേസില്‍ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ തയ്യാറായില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച പോലിസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം. കോടതി നിര്‍ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഓഷിവാര പോലിസ് സ്‌റ്റേഷനിലെത്തിയത്.
പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പോലിസ് തീരുമാനിച്ചിരുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡനപരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒരുമണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിന് യുവതിയുടെ ആവശ്യപ്രകാരമാണ് ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ കൈമാറണമെന്ന് കോടതിയും ബിനോയ് കോടിയേരിയോട് നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണെന്ന് ബിനോയി കോടിയേരിയും നേരത്തെ പോലിസിനെ അറിയിച്ചിരുന്നു.