ലൈംഗികപീഡനക്കേസ്: ബിനോയ് കോടിയേരി ഇന്ന് ഓഷിവാര സ്‌റ്റേഷനില്‍ ഹാജരാവും

ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.

Update: 2019-07-08 01:44 GMT

മുംബൈ: ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരാവും. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബിനോയിയെ പോലിസ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പിറ്റേന്ന് ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് ജാമ്യത്തില്‍ വിട്ടത്. യുവതി കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദംകേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറഞ്ഞത്.

തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബിനോയിക്കെതിരേ പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പോലിസ് ആരംഭിച്ചിട്ടുണ്ട്. ലൈംഗികപീഡനം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഓഷിവാര പോലിസ് ബിനോയിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Tags:    

Similar News