അരുണാചലില്‍ ഭരണം ബിജെപിക്ക്; സിക്കിമില്‍ എസ്‌കെഎം മുന്നേറ്റം

Update: 2024-06-02 04:04 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകള്‍ വേണമെന്നിരിക്കെ 41 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഇതില്‍ 10 സീറ്റുകളില്‍ നേരത്തെ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. എന്‍പിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 31 സീറ്റിലാണ് ലീഡ്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റില്‍ ലീഡ് ചെയ്യുന്നു.

അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.





Tags:    

Similar News