ജയ് ശ്രീറാം വിളിയെ ചൊല്ലി ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; വെടിവയ്പ്
പോലിസ് വിവേചനം കാണിച്ചെന്നാരോപിച്ച് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും വാഹനങ്ങള്‍ തകര്‍ത്തുകയും ചെയ്തു
ഹൂഗ്ലി(കൊല്‍ക്കത്ത): ജയ് ശ്രീ റാം വിളിയെ ചൊല്ലി പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലിസിനെ ആക്രമിച്ച സംഘത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലിസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ത്ത് ബിജെപി പ്രവര്‍ത്തകനായ ജോയ് ചന്ദ് മല്ലിക്കിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പോലിസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ബുധനാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. ബിജെപി-തൃണമൂല്‍ സംഘര്‍ഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാലംഗ പോലിസ് സംഘത്തില്‍ നിന്ന് ഒരു പോലിസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിപൊട്ടിയത്. സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് ഹൂഗ്ലി പോലിസ് സൂപ്രണ്ട് സുകേന്ദു ഹിര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ വിജയാഹ്ലാദ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഈയിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹുഗ്ലി സീറ്റില്‍ ബിജെപിയുടെ ലോക്കറ്റ് ചാറ്റര്‍ജി വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് റാലി നടത്തിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ ജയ് ശ്രീ റാം വിളിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തടയുകയായിരുന്നുവെന്നും തുടര്‍ന്ന് പോലിസിനെ അറിയിച്ചപ്പോള്‍ പക്ഷപാതപരമായി പെരുമാറിയെന്നുമാണ് ബിജെപിയുടെ ആരോപണം. കുറ്റക്കാരനായ പോലിസുകാരനെതിരേ 24 മണിക്കൂറിനകം ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തി. പോലിസ് വിവേചനം കാണിച്ചെന്നാരോപിച്ച് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും വാഹനങ്ങള്‍ തകര്‍ത്തുകയും ചെയ്തു. അതേസമയം, റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ചില്ലെന്നാണു പോലിസ് പറയുന്നത്. സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും ബിജെപിയുടെ ആഭ്യന്തര കലഹമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അസിമ പത്ര പറഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളില്‍ മിക്കയിടത്തും ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം പതിവായിട്ടുണ്ട്.