ബംഗാള്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷം; വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രിംകോടതി ജഡ്ജി

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാര്‍, ഹിരണ്‍ അധികാരി എന്നീ ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയാണ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്.

Update: 2021-06-18 16:22 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുണ്ടായ ആക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ട രണ്ട് ബിജെപി പ്രവര്‍ത്തകരുടെ കേസ് സിബിഐക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി.

കേസ് കോടതിക്ക് മുമ്പില്‍ എത്തിയപ്പോള്‍ തന്നെ ഈ വിഷയം കേള്‍ക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഹരജി മറ്റൊരു ബെഞ്ചിലേക്ക് കൈമാറുകയാണെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദിര ബാനര്‍ജി ഉള്‍പ്പെടാത്ത മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റാന്‍ ജസ്റ്റിസ് എം ആര്‍ ഷാ അടങ്ങുന്ന അവധിക്കാല ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാര്‍, ഹിരണ്‍ അധികാരി എന്നീ ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയാണ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, ബന്ധുക്കളുടെ അപേക്ഷ പ്രകാരം വാദം കേള്‍ക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടുമെന്നും കോടതി അറിയിച്ചു.

സംസ്ഥാന പോലിസ് അന്വേഷണത്തില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ സിബിഐയെയോ പ്രത്യേക അന്വേഷണ സംഘത്തെയോ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. കൊലപാതകങ്ങളിലെ ഭരണകക്ഷിയുടെ ഇടപെടലും സംസ്ഥാന ഭരണകൂടത്തിന്റെ പരാജയവും കോടതി പരിശോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലിസിന്റെ അറിവും പിന്തുണയും ചില സമയങ്ങളില്‍ പങ്കാളിത്തവും കുറ്റകൃത്യങ്ങളിലുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ആക്രമങ്ങളിലെ അന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകണമെന്നാണ് ഹരജി ആവശ്യപ്പെടുന്നത്.

Similar News