നാഗ തലയോട്ടി ലണ്ടനില്‍ ലേലത്തിന്; വില 4500 ബ്രിട്ടീഷ് പൗണ്ട്, പ്രതിഷേധം
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയ തലയോട്ടിയാണിത്
ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് കടത്തിക്കൊണ്ടു പോയ നാഗ യുവാവിന്റെ തലയോട്ടി ലണ്ടനില്‍ ലേലത്തിന്. കാളയുടെ കൊമ്പില്‍ ചേര്‍ത്തുവെച്ച തലയോട്ടി വില 3500 മുതല്‍ 4500 ബ്രിട്ടീഷ് പൗണ്ടിന് സ്വന്തമാക്കാമെന്ന് ലേലക്കമ്പനിയായ സ്വാന്‍ ഫൈന്‍ ആര്‍ട്ട് അറിയിച്ചു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ മ്യൂസിയത്തിലാണ് ഈ തലയോട്ടി ലേലത്തിന് വെച്ചിരിക്കുന്നത്. അതേസമയം, നാഗാ യുവാവിന്റെ തലയോട്ടി ലേലത്തിന് വെച്ചതിന് എതിരെ നാഗാലാന്‍ഡ് മുഖ്യമന്ത്രിയും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ നാഗാലാന്‍ഡില്‍ ആക്രമണം നടത്തിയ ബ്രിട്ടീഷ് സൈന്യം ജനങ്ങളുടെ സമ്മതമില്ലാതെ കൊണ്ടുപോയ തലയോട്ടികളില്‍ ഒന്നാണിതെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നൈഫു റിയോ പറഞ്ഞു. ''നാഗാ ജനസമൂഹങ്ങള്‍ക്ക് മേല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അഴിച്ചുവിട്ട ഭീകരതയുടെ തെളിവാണ് ഈ തലയോട്ടി. പിശാചുക്കാളായി ചിത്രീകരിക്കപ്പെട്ട നാഗന്‍മാരുടെ തലക്ക് വിലയിട്ട് ബ്രിട്ടീഷുകാര്‍ വേട്ടയാടിയിരുന്നു. അതേ മാനസികാവസ്ഥ ഇന്നും തുടരുന്നുണ്ടെന്നാണ് ലേലം തെളിയിക്കുന്നത്.''- നൈഫു റിയോ ആരോപിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി കത്തും എഴുതിയിട്ടുണ്ട്.
നാഗാലാന്‍ഡിലെ വിവിധ ക്രിസ്ത്യന്‍ സഭകളും പൗരാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പിറ്റ്‌സ് റിവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാഗ ശരീരഭാഗങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും കത്തില്‍ പറയുന്നു. ഏകദേശം 6500 ശരീരഭാഗങ്ങളാണ് ഈ മ്യൂസിയത്തില്‍ മാത്രം സൂക്ഷിച്ചിരിക്കുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് വ്യക്തമാക്കി കമ്പനിയും രംഗത്തെത്തി. ''ഇത്തരമൊരു വസ്തു ലേലത്തിന് വെച്ചത് നാഗന്‍മാര്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോളാണ് ബോധ്യപ്പെട്ടത്. ഈ തലയോട്ടി ലേലത്തിന് വെക്കാന്‍ നിയമപരമായ അവകാശം ഞങ്ങള്‍ക്കുണ്ട്. എന്തായാലും തല്‍ക്കാലം ലേലത്തില്‍ നിന്ന് ഇതിനെ ഒഴിവാക്കുകയാണ്.''- കമ്പനി അറിയിച്ചു.