ഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്

Update: 2024-12-21 16:49 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ ഉപരോധവും വ്യോമാക്രമണവും തുടരുന്ന ഗസയില്‍ ഹമാസില്‍ പുതുതായി 4000 പേര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലാണ് ഇത് സംഭവിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗസ നിവാസികളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹമാസിന്റെ ഈ വികാസം. ഇതോടെ ഗസ മുനമ്പില്‍ ഇസ്രായേലി സൈന്യത്തിന് നഷ്ടം വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് ഹമാസ് പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ഒരു ഇസ്രായേലി സ്‌നൈപ്പറെയും സഹായിയേയും തൊട്ടടുത്ത് നിന്ന് കൊല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജബാലിയ കാംപിന് സമീപമായിരുന്നു ഈ ആക്രമണം. അതിന് ശേഷം ഇതേ പ്രവര്‍ത്തകന്‍ ഇസ്രായേലി സൈനികനെന്ന വ്യാജേന ആറു ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി. ഇസ്രായേലി സൈനികരുടെ അടുത്തേക്ക് സ്‌ഫോടകവസ്തു നിറച്ച ബെല്‍ട്ട് ധരിച്ച് ചെന്ന് സ്വയം സ്‌ഫോടനം നടത്തുകയായിരുന്നു. വടക്കന്‍ ഗസയില്‍ ഒരു പ്രവര്‍ത്തകന്‍ ഒരു സൈനിക ഉദ്യോഗസ്ഥനെയും മൂന്നു സൈനികരെയും കത്തികൊണ്ട് കുത്തികൊല്ലുകയും ചെയ്തു. അവരുടെ ആയുധങ്ങളും എടുത്താണ് മടങ്ങിയത്. വ്യാഴാഴ്ച ഒരു ഇസ്രായേലി സൈനികനെ സ്‌നൈപ്പര്‍ തോക്കു കൊണ്ട് വെടിവച്ചു കൊല്ലുകയും ചെയ്തു.

ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡും വെള്ളിയാഴ്ച നെറ്റാസിരം കോറിഡോറില്‍ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ചു.

അതേസമയം, ഗസയിലെ അധിനിവേശം സംബന്ധിച്ച് പുതിയ സംഭവവികാസങ്ങള്‍ വിവിധ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനകള്‍ സംയുക്തമായി ചര്‍ച്ച ചെയ്തു.


ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, പിഎഫ്എല്‍പി എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇസ്രായേല്‍ പുതിയ നിബന്ധനകള്‍ വെക്കാത്തിടത്തോളം സമാധാനം അടുത്താണെന്ന് പ്രതിനിധികള്‍ ഇറക്കിയ പ്രസ്താവന പറയുന്നു. അധിനിവേശത്തിന് ശേഷം ഗസയുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഗസയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഴയതു പോലെ തുടരണമെന്ന് യോഗം തീരുമാനിച്ചു.

Similar News