'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാന്‍ വിജിലന്‍സ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലും ആഡംബര വീട് നിര്‍മാണത്തിലും എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാന്‍ വിജിലന്‍സ് തീരുമാനിച്ചതായി റിപോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറെടുക്കുന്നത്. അജിത്കുമാറിനെതിരേ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് നിലപാട്.
ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ പി വി അന്‍വറിന് കഴിഞ്ഞില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. വിശദമായി അന്വേഷിച്ചിട്ടും തെളിവുകള്‍ ലഭിച്ചില്ലെന്നും വിജിലന്‍സ് പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പി വി അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തെന്നും വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്ട് പറയുന്നു.
കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എം ആര്‍ അജിത്കുമാര്‍ എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നും വിജിലന്‍സ് പറയുന്നു. 37 ലക്ഷം രൂപക്ക് ഫഌറ്റ് വാങ്ങാന്‍ 2009ലാണ് അജിത്കുമാര്‍ കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ല്‍ കമ്പനി ഫഌറ്റ് കൈമാറി. എന്നാല്‍, ഇത് അജിത്കുമാറിന്റെ പേരിലേക്ക് മാറ്റുന്നതില്‍ കാലതാമസമുണ്ടായി. നാലുവര്‍ഷം ഈ ഫഌറ്റില്‍ താമസിച്ച ശേഷമാണ് അജിത്കുമാര്‍ 2016ല്‍ ഫഌറ്റ് 65 ലക്ഷം രൂപക്ക് വിറ്റത്. വില്‍ക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഇത് സ്വന്തം പേരിലേക്ക് അജിത്കുമാര്‍ മാറ്റിയത്.
മലപ്പുറം എസ്പിയുടെ കാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് വിജിലന്‍സ് പറയുന്നു. റിപോര്‍ട്ട് രണ്ടാഴ്ച്ചക്കകം ഡിജിപിക്ക് നല്‍കും.