സാംസ്‌കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം: ഫിഖ്ഹ് അക്കാദമി

Update: 2024-12-22 02:14 GMT

വടകര: സമൂഹത്തിന്റെ നിര്‍മിതിയിലും സാംസ്‌കാരിക മുന്നേറ്റത്തിലും സ്ത്രീകളും പുരുഷന്മാരും പരസ്പരം പൂരകങ്ങളാണെന്നും മുന്‍ഗാമികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും സഹകരണത്തിലൂടെയാണ് നാമെല്ലാവരും ഇവിടെവരെ എത്തിയതെന്നും ഇനിയും ഇതേ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി സെക്രട്ടറി മൗലാനാ അതീഖ് അഹ്മദ് ഖാസിമി. വടകരയില്‍ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിലും ഹദീസിലും സ്ത്രീകളുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവ പഠിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും വലിയ വീഴ്ചകള്‍ സംഭവിക്കുന്നു.

വിശിഷ്യാ അനന്തരാവകാശത്തിന്റെ വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പലപ്പോഴും ഹനിക്കപ്പെടുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രശ്‌നപരിഹാര സമിതികള്‍ സജീവമായി നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഇതാരംഭിച്ച കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ദാറുല്‍ ഖദാ വിഭാഗം കണ്‍വീനര്‍ കൂടിയായ ഖാസിമി പറഞ്ഞു. ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, മൗലാന അഹ്മദ് കബീര്‍ കൗസരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി ഉത്ഘാടനം ചെയ്യും

Similar News