ന്യൂഡല്‍ഹി: ആകാശ എയര്‍ ഡല്‍ഹി-മുംബൈ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ക്യുപി 1719 ആകാശ എയര്‍ വിമാനത്തില്‍ ആകെ 186 യാത്രക്കാരും ഒരു കുഞ്ഞും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന നടത്തുകയാണ്.
2024 ജൂണ്‍ 03 തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ആകാശ എയര്‍ വിമാനം ക്യുപി 1719 ല്‍ 186 യാത്രക്കാരും ഒരു കുഞ്ഞും ആറ് ജോലിക്കാരും ഉണ്ടായിരുന്നു, വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ പത്തുമണിയോടെ സുരക്ഷിതമായി വിമാനം ഇറക്കുകയായിരുന്നുവെന്ന് ആകാശ എയര്‍ വക്താവ് പറഞ്ഞു.
ഞായറാഴ്ച പാരീസില്‍ നിന്ന് 306 പേരുമായി മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും സമാനമായ രീതിയില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് മുംബൈയിലെത്തുന്നതിന് മുമ്പ് സിറ്റി വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കിയിരുന്നു.