ബി ആര്‍ അംബേദ്കറുടെ ഛായാചിത്രങ്ങള്‍ തമിഴ്നാട്ടിലെ കോടതികളില്‍ നിന്നും എടുത്തുമാറ്റില്ല
വിവിധ പാര്‍ട്ടികളും വിഷയം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.
ചെന്നൈ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ഛായാചിത്രങ്ങള്‍ തമിഴ്നാട്ടിലെ കോടതികളില്‍ നിന്നും എടുത്തുമാറ്റില്ലെന്ന് സംസ്ഥാന നിയമമന്ത്രി എസ് രഘുപതി. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം നിയമമന്ത്രി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംബേദ്കറുടെ ഛായാചിത്രങ്ങള്‍ സംസ്ഥാനത്തെ കോടതികളില്‍നിന്ന് മാറ്റാന്‍ മദ്രാസ് ഹൈകോടതി ഉത്തരവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. മദ്രാസ് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ ജില്ല കോടതികളിലേക്കും സര്‍ക്കുലര്‍ അയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സംസ്ഥാനത്ത് അഭിഭാഷകരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.
നടപടി ലജ്ജാകരമാണെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി അഭിഭാഷക അസോസിയേഷനുകള്‍ രംഗത്ത് വന്നിരുന്നു. വിവിധ പാര്‍ട്ടികളും വിഷയം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു.
ഇതോടെ, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയിക്കണമെന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം നിയമമന്ത്രി മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനെ കാണുകയായിരുന്നു. അങ്ങനെയൊരു ഉത്തരവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായും നിലവിലെ സ്ഥിതി തുടരുമെന്നും കൂടിക്കാഴ്ചക്കുശേഷം നിയമമന്ത്രി എസ് രഘുപതി പ്രസ്താവനയില്‍ പറഞ്ഞു.