ബുര്‍ഖ ധരിച്ചെത്തി; സ്ത്രീകളെ ലഖ്‌നൗ മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല
ദേഹ പരിശോധനയ്ക്ക് സ്‌റ്റേഷനില്‍ വനിതകളായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ യാത്ര ചെയ്യാന്‍ മുഖാവരണം മാറ്റണമെന്ന പുരുഷ ഉദ്യോഗസ്ഥരുടെ ആവശ്യം സ്ത്രീകള്‍ നിരസിച്ചതാണ് യാത്ര മുടങ്ങാനിടയാക്കിയത്.
ലഖ്‌നൗ: ബുര്‍ഖ ധരിച്ചെത്തിയതിനാല്‍ അഞ്ച് മുസ്‌ലിം സ്ത്രീകളെ ലഖ്‌നൗ മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. ഒരേ കുടുംബത്തിലെ അംഗങ്ങളായ അഞ്ച് മുസ്‌ലിം സ്ത്രീകളെയാണ് ലഖ്‌നൗ മെട്രോയുടെ മൈവൈയ സ്‌റ്റേഷനില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. ദേഹ പരിശോധനയ്ക്ക് സ്‌റ്റേഷനില്‍ വനിതകളായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ യാത്ര ചെയ്യാന്‍ മുഖാവരണം മാറ്റണമെന്ന പുരുഷ ഉദ്യോഗസ്ഥരുടെ ആവശ്യം സ്ത്രീകള്‍ നിരസിച്ചതാണ് യാത്ര മുടങ്ങാനിടയാക്കിയത്.
തുടര്‍ന്ന് യാത്രാവിലക്ക് നേരിട്ടതോടെ ടിക്കറ്റുകള്‍ മടക്കിനല്‍കി പണം തിരികെ കിട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാസ് അഹമ്മദ് എന്ന കുടുംബാംഗം ലഖ്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന് പരാതി നല്‍കിയിട്ടുണ്ട്.
പരാതി ലഭിച്ചതായി മെട്രോ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ടെന്നും ആരോപണം ശരിയാണോയെന്ന കാര്യം വേഗം തന്നെ കണ്ടെത്തുമെന്നും മെട്രോ അധികൃതര്‍ വ്യക്തമാക്കി.