എസ്പി സ്ഥാനാര്‍ഥിയായ ഭാര്യക്കായി പ്രചാരണം നടത്തിയതിനെ ന്യായീകരിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
ലഖ്‌നോ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരിക്കെ ലഖ്‌നോയിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും ഭാര്യയുമായ പൂനം സിന്‍ഹക്കായി പ്രചാരണം നടത്തിയതിനെ ന്യായീകരിച്ച് പട്‌നാ സാഹിബ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹ. ലഖ്‌നോവില്‍ ഭാര്യക്കായി പ്രചാരണം നടത്തിയതിലൂടെ ഭര്‍ത്താവിന്റെ ധര്‍മമാണ് താന്‍ നിര്‍വഹിച്ചതെന്നു സിന്‍ഹ പറഞ്ഞു.
കുടുംബത്തിന് തന്നെയാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഭാര്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കും. അത് ഭര്‍ത്താവിന്റെ ധര്‍മമാണ്. കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നു. ലഖ്‌നോവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആചാര്യ പ്രമോദ് കൃഷ്ണം മാത്രമാണ് എനിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. മറ്റു കോണ്‍ഗ്രസ് നേതാക്കളാരും തന്റെ നടപടിയെ എതിര്‍ത്തിട്ടില്ല. വെറുതെ വിവാദം ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇപ്പോഴത്തേത്. ലഖ്‌നോവിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പൂനം സിന്‍ഹ താന്‍ മല്‍സരിക്കുന്ന പട്‌നാ സാഹിബ് മണ്ഡലത്തില്‍ എത്തി, കേന്ദ്രമന്ത്രിയായ രവിശങ്കര്‍ പ്രസാദിനെതിരേ പ്രചാരണം നടത്തും. അങ്ങനെ അവര്‍ ഭാര്യയുടെ ധര്‍മം നിറവേറ്റുമെന്നും- സിന്‍ഹ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരിക്കെ എസ്പി സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തിയ സിന്‍ഹക്കെതിരേ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിന്‍ഹയുടെ ന്യായീകരണം.