കേന്ദ്രബജറ്റ് സ്വകാര്യവല്‍ക്കരണത്തിന്റെ വിളംബരം: കൊടിക്കുന്നില്‍ സുരേഷ്
ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കാനുള്ള പ്രഖ്യാപനം ആരോഗ്യരംഗത്തെ പൊതുമേഖലയുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനും ക്രമേണ ആരോഗ്യമേഖലയില്‍നിന്ന് പൊതുമേഖലയുടെ പിന്‍മാറ്റത്തിനുമാണ് വഴിമരുന്നിടുക.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ 2020 ലെ ബജറ്റ് ധനകാര്യരേഖയല്ല, സ്വകാര്യവല്‍ക്കരണത്തിന്റെ വിളംബരം മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. രാജ്യത്തിന്റെ അഭിമാനമായ എല്‍ഐസി പോലും സ്വകാര്യവല്‍ക്കരിക്കാനും സാധാരണക്കാരന്റെ ആശ്രയമായ റെയില്‍വെ പോലും സ്വകാര്യകുത്തകകള്‍ക്ക് അടിയറവയ്ക്കാനും മോദി സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ആശങ്കയുണര്‍ത്തുന്നു. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തില്‍ 150 ട്രെയിന്‍ സര്‍വീസുകളെന്ന തീരുമാനം സാധാരണക്കാര്‍ക്കു ക്രമേണ ട്രെയിന്‍ സര്‍വീസുകള്‍ പോലും അപ്രാപ്യമാക്കുകയും ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ജില്ലാ ആശുപത്രികളോട് അനുബന്ധിച്ച സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിക്കാനുള്ള പ്രഖ്യാപനം ആരോഗ്യരംഗത്തെ പൊതുമേഖലയുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനും ക്രമേണ ആരോഗ്യമേഖലയില്‍നിന്ന് പൊതുമേഖലയുടെ പിന്‍മാറ്റത്തിനുമാണ് വഴിമരുന്നിടുക. മറ്റു വര്‍ഷങ്ങളിലെ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം എന്നതിലുപരി യാതൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത ഈ കേന്ദ്രബജറ്റ് ഓഹരിവിപണി പോലും തിരസ്‌കരിച്ചതിന്റെ സൂചനയാണ്. ബജറ്റ് പ്രഖ്യാപനത്തിനുശേഷം 11 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ബജറ്റ് ദിവസം ഓഹരി വിപണി ആയിരത്തോളം പോയിന്റ് കൂപ്പുകുത്തി നാലുലക്ഷത്തോളം കോടി രൂപയുടെ മൂല്യം നഷ്ടപ്പെട്ടത്. കഴിഞ്ഞ ആറുപാദങ്ങളിലായി വളര്‍ച്ചാനിരക്ക് കുറയുകയും സാമ്പത്തികമാന്ദ്യം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലും ആറരശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വഞ്ചനയാണ്.
കേരളത്തോട് മഹാപ്രളയത്തിനുശേഷം പോലും വിവേചനം പുലര്‍ത്തുന്ന മോദി സര്‍ക്കാര്‍ ബജറ്റിലും കേരളത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. അങ്കമാലിശബരി റെയില്‍പാത, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, എയിംസ് എന്നീ ആവശ്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ബജറ്റില്‍ ഒരു പരിഗണനയുമുണ്ടായില്ല. അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ പടുത്തുയര്‍ത്തുമെന്നു പ്രഖ്യാപനം നടത്തിയ ഇടത്തുനിന്നും ഒരിഞ്ചുപോലും നീങ്ങാനാവാതെ, സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനാവാതെ, പൊതുമേഖലയെ വിറ്റഴിക്കുന്ന മോദി സര്‍ക്കാരിന്റെ മറ്റൊരു വാചകക്കസര്‍ത്ത് മാത്രമായി കേന്ദ്രബജറ്റ് മാറിയെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.