ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്പൂര്‍ണമായും നിരാശാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ധനവില വര്‍ധിപ്പിച്ച് സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റ് കോര്‍പറേറ്റുകള്‍ക്ക് നിരവധി ആനുകുല്യങ്ങളും ഇളവുകളും അനുവദിക്കുന്നുമുണ്ട്. മോദി ഭരണത്തില്‍ തൊഴിലില്ലായ്മയില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള പ്രായോഗിക നടപടികളായിരുന്നു രാജ്യത്തിന് അടിയന്തര ആവശ്യമെങ്കിലും ബജറ്റില്‍ വേണ്ടത്ര നിര്‍ദേശങ്ങളില്ല. ത്വരിത സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നുണ്ടെങ്കിലും അതിനുള്ള അടിസ്ഥാന ഫണ്ട് എവിടെയെന്നു വ്യക്തമാക്കുന്നില്ല. റെയില്‍വേ വികസനത്തിന് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിനുള്ള തുക കണ്ടെത്താനുള്ള മാര്‍ഗ്ഗം വ്യക്തമല്ല. അധികഡ്യൂട്ടി ചുമത്തി സ്വര്‍ണ വില ഉയരുന്നത് സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കാനിടയാക്കും. ജല ഉപഭോഗം കുറച്ച് കാര്‍ഷിക വളര്‍ച്ച കൈവരിക്കാമെന്ന കണ്ടെത്തല്‍ ദീര്‍ഘവീക്ഷണമില്ലാത്തതാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.