വാഹന വിപണിയിലെ ഇടിവിനു കാരണം കേന്ദ്രനയങ്ങളെന്ന് ബജാജ്

കേന്ദ്ര സര്‍ക്കാരിന്റെ വിവേകമില്ലാത്ത നടപടികളാണ് വന്‍ തൊഴില്‍ നഷ്ടത്തിനു കാരണമാക്കുന്ന പ്രതിസന്ധിക്കു കാരണം

Update: 2019-08-01 15:37 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുകാലമായി വാഹന വിപണിയിലുണ്ടാവുന്ന ഇടിവിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നു ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജ് ഓട്ടോസ്. ബജാജ് ഓട്ടോയുടെ 12ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഓഹരി ഉടമകളുമായി കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മകനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവേകമില്ലാത്ത നടപടികളാണ് വന്‍ തൊഴില്‍ നഷ്ടത്തിനു കാരണമാക്കുന്ന പ്രതിസന്ധിക്കു കാരണം. വാഹന വ്യവസായം വന്‍ പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും എല്ലാം ഇക്കാര്യത്തില്‍ ഒരേ പ്രതിസന്ധിയിലാണ്. എല്ലാവിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസം കഴിയുന്തോറും കുത്തനെ കുറയുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വാഹന നയം അവ്യക്തതകള്‍ നിറഞ്ഞതാണ്. വാഹന വ്യവസായ രംഗത്ത് ഡിമാന്റും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇങ്ങനെ പോയാല്‍ വളര്‍ച്ച എവിടെ നിന്ന് വരും. അത് ആകാശത്ത് നിന്നു പൊട്ടിവീഴില്ലെന്നു രാഹുല്‍ ബജാജ് ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ വാഹന വ്യവസായം വന്‍ പ്രതിസന്ധിയിലാണെന്നും 10 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നും ഈയിടെ റിപോര്‍ട്ടുകളുണ്ടായിരുന്നു.


Tags:    

Similar News