മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ പരാതി വെബ്‌സൈറ്റില്‍ കാണാനില്ല

Update: 2019-04-25 06:21 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതി കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണാനില്ലെന്നു പരാതി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍, രാഷ്ട്രത്തിന്റെ സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണയാധുമാക്കി നടത്തിയ പ്രസംഗത്തിനെതിരേയാണ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. ബാലാകോട്ട് ആക്രമണത്തിലൂടെ പാക്കിസ്താന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഇതിനെതിരേ ഏപ്രില്‍ 9നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി എത്തിയത്. വിഷയത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ടും നല്‍കി.

രാഷ്ട്രത്തിന്റെ സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കരുതെന്ന കമ്മീഷന്റെ നിര്‍ദേശം നിലനില്‍ക്കെയായിരുന്നു മോദിയുടെ പ്രസംഗം. ഈ പരാതിയാണ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നു അപ്രത്യക്ഷമായത്. പെരുമാറ്റച്ചട്ടം ലംഘനത്തിനെതിരേ കമ്മീഷനു ലഭിച്ച 426 പരാതികള്‍ വെബ്‌സൈറ്റിലുണ്ടെങ്കിലും ലാത്തൂരിലെ പ്രസംഗത്തിനെതിരേ നല്‍കിയ പരാതി മാത്രം കാണാനില്ല. അതേസമയം പരാതി കാണാതായത് സാങ്കേതിക പിഴവു മാത്രമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Tags:    

Similar News