രാമായണവും മഹാഭാരതവും വെറും സാങ്കല്‍പ്പികം'; കര്‍ണാടകയില്‍ അധ്യാപികയെ പിരിച്ചുവിട്ട് കോണ്‍വെന്റ് സ്‌കൂള്‍

Update: 2024-02-13 06:18 GMT
ബെംഗളൂരു: രാമായണവും മഹാഭാരതവും സാങ്കല്‍പ്പികമെന്ന് പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കര്‍ണാടകയിലെ കോണ്‍വെന്റ് സ്‌കൂള്‍. സംസ്ഥാനത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആര്‍ പ്രൈമറി സ്‌കൂളില്‍ ആണ് സംഭവം. ബി.ജെ.പി അനുകൂല സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപികക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.

മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബി.ജെ.പി എം.എല്‍.എ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധ്യാപിക അവഹേളിച്ചുവെന്ന് ബി.ജെ.പി അനുകൂലികള്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.കുട്ടികളുടെ മനസില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനായി മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് 2002ലെ ബില്‍ക്കിസ് ബാനു കേസിനെ കുറിച്ചും ഗുജറാത്തിലെ കലാപത്തെ കുറിച്ചും അധ്യാപിക വിദ്യാര്‍ത്ഥികളോട് സംസാരിച്ചതായും പരാതിയില്‍ പറയുന്നു.അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയുണ്ടായി. മാര്‍ച്ചില്‍ ബി.ജെ.പിയുടെ എം.എല്‍.എയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാമന്‍ ഒരു പുരാണ ജീവിയാണെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ അവകാശപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററാണ് കേസ് അന്വേഷിക്കുന്നത്.


Tags:    

Similar News