ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു; യാത്രക്കാരെ കയറ്റിയത് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച്
വെള്ളിയാഴ്ച ട്രെയിന്‍ രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്.
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു. ബുധനാഴ്ച രാവിലെ 11.25 നാണ് ട്രെയിന്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച ട്രെയിന്‍ രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്. ചികില്‍സയ്ക്കായി വന്ന് ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിപ്പോയവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് യാത്രയ്ക്കായെത്തിയത്. കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചാണ് ട്രെയിനില്‍ യാത്രക്കാരെ കയറ്റിയത്.
റെയില്‍വേ സ്റ്റേഷന് അരകിലോമീറ്റര്‍ അകലത്ത് വച്ച് യാത്രക്കാരെത്തിയ വാഹനങ്ങള്‍ തടഞ്ഞു. കൈയില്‍ മാസ്‌കും സാനിറ്റൈസറുമുള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനകത്തേക്ക് കയറാന്‍ അനുവദിച്ചത്. വെള്ളിയാഴ്ച രാത്രി 7.45 ന് ഇതേ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ആഴ്ചയില്‍ മൂന്നുദിവസമാണ് ഡല്‍ഹി- കേരള സര്‍വീസ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എസി ട്രെയിനുകളാണ് ഇവയെല്ലാം. മറ്റ് സര്‍വീസുകള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രെയിനിനകത്ത് ഭക്ഷണവിതരണം ഇല്ലെന്നതിനാല്‍ മൂന്നുദിവസത്തേക്കാവശ്യമായ ഭക്ഷണവും വെള്ളവും കൈയില്‍ കരുതിയാണ് ആളുകള്‍ യാത്രക്കായെത്തിയത്.
ട്രെയിനില്‍ കയറും മുമ്പ് ആരോഗ്യപരിശോധനകളില്ലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. കേരളത്തിന് പുറമേ ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകള്‍ ഓടും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. രോഗലക്ഷണമില്ലാത്തവരെ മാത്രമെ യാത്രയ്ക്ക് അനുവദിക്കൂ. ഏത് സംസ്ഥാനത്തേക്കാണോ പോവുന്നത് അവിടുത്തെ ആരോഗ്യപ്രോട്ടോക്കോള്‍ എല്ലാവരും അനുസരിക്കണം. എസി ട്രെയിനുകളായതിനാല്‍ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്.