കുടിയേറ്റം തുടര്‍ന്നാല്‍ യൂറോപ്പ് മുസ്‌ലിം രാജ്യമാവുന്ന കാലം വിദൂരമല്ലെന്നു ദലൈലാമ
യുഎസ് പ്രസിഡന്റ് ട്രംപ് ധാര്‍മികത ബോധമില്ലാത്തയാളാണ്. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങളല്ല ട്രംപ് മറ്റൊരു ദിവസം പറയുക. ഇതൊരു ധാര്‍മിക ബോധത്തിന്റെ കുറാവാണെന്നാണ് താന്‍ കരുതുന്നത് ആത്മീയ നേതാവ് പറഞ്ഞു
ധര്‍മശാല: യൂറോപ്പിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ യൂറോപ്പ് ആഫ്രിക്കന്‍ രാജ്യമോ മുസ്‌ലിം രാജ്യമോ ആയി മാറിയേക്കുമെന്നു തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. വര്‍ഷങ്ങളായി അഭയാര്‍ഥിയായി ഇന്ത്യയില്‍ കഴിയുന്ന ദലൈലാമ, കുടിയേറ്റത്തെ വിമര്‍ശിച്ചു നേരത്തെയും രംഗത്തെത്തിയിരുന്നു. യൂറോപ്പ് യൂറോപ്പുകാരുടേതാണ് എന്നും അഭയാര്‍ഥികളെ അവരവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയക്കണമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്.
ചെറിയ തോതിലുള്ള കുടിയേറ്റം നമുക്കംഗീകരിക്കാം. എന്നാല്‍ ഇത് വന്‍ തോതിലാവുമ്പോള്‍ പ്രശ്‌നമാണ്. ഇപ്പോഴുള്ള രീതിയില്‍ കുടിയേറ്റം തുടര്‍ന്നാല്‍ വൈകാതെ യൂറോപ്പ് ആഫ്രിക്കന്‍ രാജ്യമോ മുസ്‌ലിം രാജ്യമോ ആയേക്കും. ഇത് അംഗീകരിക്കാനാവില്ല- ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ദലൈലാമ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ട്രംപ് ധാര്‍മികത ബോധമില്ലാത്തയാളാണെന്നും തിബത്തന്‍ നേതാവ് പറഞ്ഞു. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങളല്ല ട്രംപ് മറ്റൊരു ദിവസം പറയുക. ഇതൊരു ധാര്‍മിക ബോധത്തിന്റെ കുറാവാണെന്നാണ് താന്‍ കരുതുന്നത്- ആത്മീയ നേതാവ് പറഞ്ഞു.
പിന്‍ഗാമി സ്ത്രീയാവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും വിവാദം നിറഞ്ഞ മറുപടിയാണ് ദലൈലാമ നല്‍കിയത്. തന്റെ പിന്‍ഗാമി സ്ത്രീയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ കൂടുതല്‍ ആകര്‍ഷണമുള്ളവരായിരിക്കണമെന്നായിരുന്നു മറുപടി.