സവര്‍ണരുടെ കുളത്തില്‍നിന്ന് പശുവിനെ കുളിപ്പിച്ചതിനു ദലിത് യുവാവിനു മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

സമീപകാലത്തായി ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു

Update: 2019-06-24 15:59 GMT
സവര്‍ണരുടെ കുളത്തില്‍നിന്ന് പശുവിനെ കുളിപ്പിച്ചതിനു ദലിത് യുവാവിനു മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍

ഛണ്ഡിഗഡ്: സവര്‍ണര്‍ കുളിക്കുന്നിടത്ത് പശുവിനെ കുളിപ്പിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ സോണിപതില്‍ ബജനാ കാലന്‍ വില്ലേജില്‍ ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രണ്ടാഴ്ച മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലിസ് പ്രതികളെ പിടികൂടിയത്. എന്നാല്‍, മര്‍ദ്ദനമേറ്റയാള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി വൈകിയതെന്നും ഇരയുടെ പിതാവ് ഇന്ന് പരാതി നല്‍കിയതോടെയാണ് അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞു. പരാതി നല്‍കാന്‍ വൈകിയ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മര്‍ദ്ദനമേറ്റയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും വരുന്നതു വരെ കാത്തിരിക്കുകയാണെന്നും സോണിപത് പോലിസ് സൂപ്രണ്ട് അര്‍പിത് ജെയ്ന്‍ പറഞ്ഞു. അതേസമയം, സമീപകാലത്തായി ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. 2016ല്‍ പശുവിന്റെ തോലുരിഞ്ഞെന്ന് ആരോപിച്ച് ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ നാലു പോലിസുകാര്‍ ഉള്‍പ്പെടെ 43 പേരെയാണ് അറസ്റ്റ് ചെയ്തത്.



Tags:    

Similar News