യുപിയില്‍ 13കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; പരാതി നല്‍കിയതിനു പിന്നാലെ ഇരയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

കാണ്‍പൂരില്‍ ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രണ്ടുദിവസം മുമ്പാണ് മൂന്ന് പേര്‍ ചേര്‍ന്ന് 13കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. സംഭവത്തിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പോലിസ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ആരോപിച്ചിരുന്നു.

Update: 2021-03-10 09:39 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 13കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി. പ്രതികള്‍ക്കെതിരേ കൂട്ടബലല്‍സംഗത്തിന് കേസ് ഫയല്‍ ചെയ്തതിന് രണ്ടുദിവസത്തിനുശേഷം പെണ്‍കുട്ടിയുടെ പിതാവ് ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നില്‍വച്ചാണ് പിതാവ് ദാരുണമായി മരിച്ചത്.

കാണ്‍പൂരില്‍ ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രണ്ടുദിവസം മുമ്പാണ് മൂന്ന് പേര്‍ ചേര്‍ന്ന് 13കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. സംഭവത്തിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പോലിസ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്.

ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ഗോലു യാദവിന്റെ പിതാവ് കാണ്‍പൂരില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കനൗജ് ജില്ലയില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ്. ഗോലി യാദവിനെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് പോലിസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നത്. കൂട്ടബലാല്‍സംഗ കേസ് ഫയല്‍ ചെയ്തതുമുതല്‍ പ്രതിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് അവര്‍ പറയുന്നത്. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പോലിസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കാണ്‍പൂര്‍ പോലിസ് കൂട്ടബലാല്‍സംഗത്തിനും ക്രിമിനല്‍ ഭീഷണിക്കുമാണ് കേസെടുത്തിരിക്കുന്നത്. ഞങ്ങള്‍ പരാതി നല്‍കിയ ഉടനെ പ്രധാന പ്രതിയുടെ മൂത്ത സഹോദരന്‍ ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗം പ്രതികരിച്ചു. എന്റെ പിതാവ് സബ് ഇന്‍സ്‌പെക്ടറാണെന്നും അതുകൊണ്ട് സൂക്ഷിച്ചുകൊള്ളുകയെന്നുമായിരുന്നു ഭീഷണി. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടക്കുമ്പോള്‍ പിതാവ് ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയതാണ്. ഉടന്‍കന്നെ ട്രക്ക് ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ കാണ്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടം സംബന്ധിച്ച കേസ് ഞങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് കാണ്‍പൂര്‍ പോലിസ് മേധാവി ഡോ. പ്രീതീന്ദര്‍ സിങ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. പിതാവ് ഒരു ബലാല്‍സംഗ കേസ് ഫയല്‍ ചെയ്തു. ഞങ്ങള്‍ ഉടന്‍തന്നെ നടപടിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടി സുഖമായിരിക്കുന്നു. കേസ് അന്വേഷിക്കാന്‍ ഞങ്ങള്‍ അഞ്ച് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്- കാണ്‍പൂരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

രണ്ട് കേസുകളിലും ദ്രുതഗതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായും അപകടത്തില്‍പ്പെട്ട ട്രക്ക് കണ്ടെടുക്കണമെന്നും ഡ്രൈവറെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുപി പോലിസ് ട്വീറ്റ് ചെയ്തു. സര്‍ക്കാരും ഭരണകൂടവും പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ട് കേസുകളും വേഗത്തില്‍ അന്വേഷിക്കും. ആരെയും ഒഴിവാക്കില്ല. കടുത്ത നിയമനടപടി നേരിടേണ്ടിവരും- കാണ്‍പൂരിലെ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അലോക് തിവാരി വ്യക്തമാക്കി.

Tags:    

Similar News