'മരിച്ചയാള്‍' ഒരു രാത്രിക്ക് ശേഷം മോര്‍ച്ചറിയില്‍ ജീവനോടെ

വ്യാഴാഴ്ച്ച സാഗര്‍ ജില്ലയിലെ ബിനാ സിവില്‍ ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്.

Update: 2019-06-22 12:32 GMT

ഭോപ്പാല്‍: മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്കു മാറ്റിയ ആളെ ഒരു രാത്രിക്ക് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ആശുപത്രിയിലാണ് കാശിറാം എന്ന 72 വയസുകാരന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകവേ ജീവിതത്തിലേക്കു തിരിച്ചുവന്നത്.

വ്യാഴാഴ്ച്ച സാഗര്‍ ജില്ലയിലെ ബിനാ സിവില്‍ ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാശിറാമിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 9 മണിയോടെ കാശിറാം മരിച്ചതായി ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിച്ചു.

രാത്രി ഒരു രോഗി മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചു. എന്നാല്‍, പുലര്‍ച്ചെയോടെ ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാശിറാമിന് ജീവനുണ്ടെന്ന് വ്യക്തമായത്. ഉടന്‍ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നുവെന്ന് സാഗര്‍ എഎസ്പി വിക്രം സിങ് പറഞ്ഞു.

കാശിറാമിന് ജീവനുള്ളതായി ഡ്യൂട്ടി ഡോക്ടറും സ്ഥിരീകരിച്ചു. ചികില്‍സ തുടരുകയും ചെയ്തു. എന്നാല്‍, 10.20ന് കാശിറാം വീണ്ടും മരിച്ചതായി സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ എസ് റോഷന്‍ പറഞ്ഞു. 

Tags:    

Similar News