നിരുപാധികം മാപ്പ് പറഞ്ഞു; കപില്‍ മിശ്രയ്‌ക്കെതിരായ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമെതിരേയാണ് കപില്‍ മിശ്ര അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്. ഇതിനെതിരേ 2017 ലാണ് സത്യേന്ദ്ര ജെയ്ന്‍ മാനനഷ്ടക്കേസ് നല്‍കിയത്.
ന്യൂഡല്‍ഹി: നിരുപാധികം മാപ്പ് അപേക്ഷിച്ചതോടെ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരായ ക്രിമിനല്‍ മാനനഷ്ടക്കേസ് ഡല്‍ഹി കോടതി അവസാനിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമെതിരേയാണ് കപില്‍ മിശ്ര അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്. ഇതിനെതിരേ 2017 ലാണ് സത്യേന്ദ്ര ജെയ്ന്‍ മാനനഷ്ടക്കേസ് നല്‍കിയത്.
ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ മുമ്പാകെ സത്യേന്ദ്ര ജെയ്‌നോട് കപില്‍ മിശ്ര നിരുപാധികം മാപ്പ് അപേക്ഷിച്ചു. ഇതോടെ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സത്യേന്ദ്ര ജെയ്ന്‍ കോടതിയെ അറിയിച്ചു. മിശ്രയുടെയും ജെയിന്റെയും പ്രസ്താവന രേഖപ്പെടുത്തിയ ശേഷം മാനനഷ്ട പരാതി പിന്‍വലിച്ചതായി വ്യക്തമാക്കി കോടതി കേസ് തീര്‍പ്പാക്കി. അരവിന്ദ് കെജ്‌രിവാള്‍ സത്യേന്ദ്ര ജെയ്നില്‍നിന്ന് രണ്ടുകോടി രൂപ കൈക്കലാക്കിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കപില്‍ മിശ്ര ആരോപിച്ചത്.
കെജ്‌രിവാളിന്റെ ബന്ധുവിന്റെ 50 കോടി രൂപയുടെ ഭൂമി കരാര്‍ ജെയ്ന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെയ്ന്‍ ജയിലില്‍ പോവുമെന്ന് മിശ്ര പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശേഷമാണ് കപില്‍ മിശ്ര കെജ്‌രിവാളിനും സത്യേന്ദ്ര ജെയ്നിനുമെതിരേ ആരോപണവുമായി രംഗത്തുവന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മാനനഷ്ടത്തിന് പരമാവധി രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് മിശ്രയ്‌ക്കെതിരേ ചുമത്തിയിരുന്നത്.