കോടതിയലക്ഷ്യക്കേസ്: മാപ്പുപറഞ്ഞ് രാഹുല്‍; സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി
പ്രധാനമന്ത്രിക്കെതിരായ തന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം സുപ്രിംകോടതിയും ശരിവച്ചിരിക്കുന്നുവെന്ന പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതി അലക്ഷ്യത്തിന് സുപ്രിംകോടതി കേസെടുത്തത്. 'കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതിയും കണ്ടെത്തി' എന്ന പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം എഴുതി നല്‍കിയത്.
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ തന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം സുപ്രിംകോടതിയും ശരിവച്ചിരിക്കുന്നുവെന്ന പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ കോടതി അലക്ഷ്യത്തിന് സുപ്രിംകോടതി കേസെടുത്തത്. 'കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതിയും കണ്ടെത്തി' എന്ന പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പുപറയുകയാണെന്ന് വ്യക്തമാക്കിയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം എഴുതി നല്‍കിയത്.
അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന് സുപ്രിംകോടതിയും കണ്ടെത്തിയതായി രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍, രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ വാദം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം. എന്നാല്‍, ഖേദപ്രകടനം മതിയാവില്ലെന്നും നിരുപാധികം മാപ്പുപറയണമെഎന്നുമായിരുന്നു ബിജെപിയുടെ നിലപാട്.
രാഹുല്‍ ഗാന്ധിക്കെതിരേ സുപ്രിംകോടതിയും രൂക്ഷവിമര്‍ശനം നടത്തി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി മാപ്പുപറയുന്നു എന്ന് അന്നുതന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, 'ചൗകീദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് നിരുപാധികം മാപ്പുപറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ രാഹുല്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.