രാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎല്‍എ
മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന(ഷിന്‍ഡെ വിഭാഗം) എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമര്‍ശത്തെ കുറിച്ചാണ് വിവാദ പ്രഖ്യാപനം. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞെന്നു പറഞ്ഞാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നതായും ഗെയ്ക്‌വാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്. മറാത്തികള്‍, ധംഗര്‍മാര്‍, ഒബിസികള്‍ തുടങ്ങിയ സമുദായങ്ങള്‍ സംവരണത്തിനായി പോരാടുകയാണ്. എന്നാല്‍, ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് രാഹുല്‍ സംസാരിക്കുന്നത്. ഭരണഘടനാ പുസ്തകം കാണിക്കുകയും ബിജെപി അത് മാറ്റുമെന്ന് രാഹുല്‍ വ്യാജ പ്രചാരണം നടത്തുന്നു. രാജ്യത്തെ 400വര്‍ഷം പിന്നോട്ട് നടത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നും ഗെയ്ക്‌വാദ് പറഞ്ഞു.
ചൊവ്വാഴ്ച വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശം വിവാദമാക്കാനാണ് ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നത്. പരാമര്‍ശം കോണ്‍ഗ്രസിന്റെ സംവരണ വിരുദ്ധ മുഖമാണ് കാണിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം, താന്‍ സംവരണത്തിന് എതിരല്ലെന്നും അധികാരത്തില്‍ വന്നാല്‍ തന്റെ പാര്‍ട്ടി സംവരണം 50 ശതമാനത്തിനപ്പുറത്തേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ശിവസേന എംഎല്‍എ ഗെയ്ക്‌വാദിന്റെ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. ഗെയ്ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാന്‍ അര്‍ഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അദ്ദേഹത്തിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു 'നമ്പര്‍ വണ്‍ തീവ്രവാദി'യെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.