മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ വിള്ളല്‍; ശിവസേന സഹമന്ത്രി രാജിവച്ചു
സത്യപ്രതിജ്ഞ ചെയ്ത് അഞ്ചുദിവസങ്ങള്‍ക്കുള്ളിലാണ് അബ്ദുല്‍ സത്താറിന്റെ രാജി. വകുപ്പ് ഏതെന്ന് പ്രഖ്യാപിക്കാത്തതിലും സത്താര്‍ പ്രതിഷേധത്തിലായിരുന്നു. 2019ലാണ് സത്താര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ശിവസേനയിലെത്തിയത്.
മുംബൈ: മഹാരാഷ്ട്രയിലെ മഹാവിഘാസ് അഖാഡി സര്‍ക്കാരില്‍ വിള്ളല്‍. ശിവസേന നേതാവ് അബ്ദുല്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. കാബിനെറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് റിപോര്‍ട്ട്. സത്യപ്രതിജ്ഞ ചെയ്ത് അഞ്ചുദിവസങ്ങള്‍ക്കുള്ളിലാണ് അബ്ദുല്‍ സത്താറിന്റെ രാജി. വകുപ്പ് ഏതെന്ന് പ്രഖ്യാപിക്കാത്തതിലും സത്താര്‍ പ്രതിഷേധത്തിലായിരുന്നു. 2019ലാണ് സത്താര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ശിവസേനയിലെത്തിയത്. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരിലടക്കം ബാല്‍താക്കറെ വിമര്‍ശിച്ചിരുന്ന സത്താറിനെ മന്ത്രിയാക്കിയതില്‍ ബിജെപി നേതാക്കള്‍ ഉദ്ധവ് താക്കറെയെ പ്രതിരോധത്തിലാക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് രാജിയെന്നും വിവരമുണ്ട്.
അതേസമയം, സത്താറിന്റെ രാജി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അബ്ദുല്‍ സത്താറുമായി സംസാരിക്കുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. മന്ത്രിസഭാ വിപുലീകരണത്തില്‍ ചില നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥാനം ലഭിക്കാത്തതില്‍ നിരാശരാണ്. എന്നാല്‍, ഇത് മഹാ വിഘാസ് അഖാഡി സര്‍ക്കാരാണെന്നും ശിവസേനയുടേതല്ലെന്നും അവര്‍ മനസ്സിലാക്കണമെന്ന് സത്താര്‍ കൂട്ടിച്ചേര്‍ത്തു. 2014ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരില്‍ സത്താര്‍ മന്ത്രിയായിരുന്നു. ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
പുതുതായി 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം. ഇതിനു പിന്നാലെ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതായി സൂചനകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാംനയില്‍ ലേഖനം പ്രസിദ്ധീകരിച്ചത് രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. മന്ത്രിപദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് അനുയായികള്‍ അടിച്ചുതകര്‍ത്തിരുന്നു. കൂടാതെ എന്‍സിപിയിലും അതൃപ്തി പുകയുന്നുണ്ടായിരുന്നു. മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ രാജിവച്ചിരുന്നു.