കള്ളപ്പണക്കേസ്: ഡി കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അഞ്ചുദിവസംകൂടി നീട്ടി

ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസില്‍ ശിവകുമാറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

Update: 2019-09-13 16:19 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അഞ്ചുദിവസംകൂടി നീട്ടി. ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസില്‍ ശിവകുമാറില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, ശിവകുമാറിന്റെ ആരോഗ്യത്തിനു പ്രഥമപരിഗണന നല്‍കണമെന്ന് പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കര്‍ശന നിര്‍ദേശം നല്‍കി.

എല്ലാ ദിവസവും രാവിലെ ചോദ്യംചെയ്യലിനു മുമ്പ് ശിവകുമാറിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പരിശോധന നടത്തണമെന്നും അല്ലാതെ ചോദ്യംചെയ്യല്‍ നടത്തരുതെന്നുമാണ് കോടതിയുടെ ഉത്തരവ്. ശിവകുമാറിന് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ജാമ്യം നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. 2017 ല്‍ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് എട്ടുകോടിയിലധികം രൂപ കണ്ടെടുത്ത കേസില്‍ സപ്തംബര്‍ മൂന്നിനായിരുന്നു ഡി കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റുചെയ്തത്. ഇത് ഹവാല പണമാണെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.

ഒമ്പതുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. 20 രാജ്യങ്ങളിലായി ശിവകുമാറിന് 317 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഈ അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ഏതാണ്ട് 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുവകകളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തി. 22 വയസ് മാത്രമുള്ള മകളുടെ പേരില്‍ 108 കോടിയുടെ വസ്തുവകകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, ഈ വാദം നിഷേധിച്ച സിങ്‌വി, ശിവകുമാറിന് അഞ്ച് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നും ഇതിന്റെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും അറിയിച്ചു. സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും ഇതാണോ ഇത്രയും ദിവസത്തെ അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. 

Tags:    

Similar News