മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉത്തരവ്; ഭാര്യയുടെ ബാങ്കിലേക്ക് എല്ലാ പോലിസുകാരും അക്കൗണ്ട് മാറണം

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന പോലിസുകാരുടെ സാലറി അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കിലേക്കു മാറ്റാന്‍ നിര്‍ബന്ധിക്കുന്നതായാണു പരാതി. ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ആക്‌സിസ് ബാങ്കിലെ വൈസ് പ്രസിഡന്റാണ്.

Update: 2019-08-30 05:11 GMT

നാഗ്പൂര്‍: മാഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതായി സാമൂഹിക പ്രവര്‍ത്തകന്റെ പരാതി. സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന പോലിസുകാരുടെ സാലറി അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കിലേക്കു മാറ്റാന്‍ നിര്‍ബന്ധിക്കുന്നതായാണു പരാതി. ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ആക്‌സിസ് ബാങ്കിലെ വൈസ് പ്രസിഡന്റാണ്.

17 പോലിസുകാര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മുകളില്‍ നിന്നുള്ള അനൗപചാരിക ഉത്തരവുണ്ടെന്നും എല്ലാവരുടെയും അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കിലേക്കു മാറണമെന്നും മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായാണ് ഇവര്‍ വ്യക്തമാക്കിയത്.

സാമൂഹിക പ്രവര്‍ത്തനായ മോനിഷ് ജബല്‍പൂരിയാണ് ഇത് സംബന്ധമായി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനു പരാതി നല്‍കിയത്. 2017 മെയ് 11ന് എഡിജിപി പുറപ്പെടുവിച്ച ഒരു സര്‍ക്കുലര്‍ ഇതിന് തെളിവായി അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്ര പോലിസ് ആക്‌സിസ് ബാങ്കുമായി ഒരു ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ടെന്നും ആക്‌സിസ് ബാങ്കിലേക്ക് സാലറി അക്കൗണ്ട് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും മറാത്തിയിലുള്ള സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, ആക്‌സിസ് ബാങ്കിലേക്ക് തന്നെ മാറണമെന്നില്ലെന്നും മറ്റു ബാങ്കുകളുമായി സമാനമായ ധാരണയുണ്ടാക്കാം എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.

ആക്‌സിസ് ബാങ്കിലേക്കു മാറിയാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പോലിസുകാരെ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ വെങ്കടേശന്‍ പറഞ്ഞു. 2017ല്‍ നാഗ്പൂര്‍ പോലിസ് കമ്മീഷണറായിരുന്നു അദ്ദേഹം. മുഴുവന്‍ പോലിസുകാരും ഇപ്പോഴും ആക്‌സിസ് ബാങ്കിലേക്കു മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനെയിലെ 9000 പോലിസുകാരില്‍ 6000ഓളം പേരാണ് ആക്‌സിസ് ബാങ്കിലേക്കു മാറിയത്. ബാക്കിയുള്ളവര്‍ ഇപ്പോഴും എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കിനെയാണ് ആശ്രയിക്കുന്നത്.

അതേ സമയം, ഔപചാരികമായ ടെന്‍ഡര്‍ നടപടികളൊന്നും പൂര്‍ത്തിയാക്കാതെയാണ് ആക്‌സിസ് ബാങ്കിനെ തിരഞ്ഞെടുത്തതെന്ന് ജബല്‍പൂരിയുടെ പരാതിയില്‍ ആരോപിക്കുന്നു. ആക്‌സിസ് ബാങ്കിന് അനുകൂലമായി ഫഡ്‌നാവിസ് നടപടി സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2016ല്‍ ഫഡ്‌നാവിസിന്റെ മേധാവിത്വത്തിലുള്ള ചേരി പുനരധിവാസ അതോറിറ്റി, ചേരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനികളോട് ആക്‌സിസ് ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇക്കാര്യത്തിലും ആക്‌സിസ് ബാങ്കിനെ തിരഞ്ഞെടുത്തത്.  

Tags:    

Similar News