കൊവിഡ് വാക്‌സിന്‍ വിതരണം; സജ്ജമാവാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനായി ഇതുവരെ 15,157 ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
കോട്ടയം: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ബോധവത്കരണ നടപടികള്‍ക്കും സജ്ജമാവാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍ദേശം നല്‍കി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍മസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വാക്‌സിന്‍ ലഭ്യമാവുമ്പോള്‍ താമസംകൂടാതെ വിതരണം ചെയ്യുന്നതിന് ഓരോ വകുപ്പുകളും നിര്‍വഹിക്കേണ്ട ചുമതലകള്‍ യോഗത്തില്‍ വിശദമാക്കി.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനായി ഇതുവരെ 15,157 ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വിഭാഗങ്ങളിലെ ജീവനക്കാരും റെയില്‍വേയിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യവിഭാഗത്തില്‍ ജോലിചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും.
വാക്‌സിന്‍ സംഭരിക്കുന്നതിന് 86ഉം വിതരണത്തിന് 539ഉം കേന്ദ്രങ്ങളാണ് നിലവില്‍ നിര്‍ണയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും വിതരണം. ഒരു കേന്ദ്രത്തില്‍ ഒരുദിവസം പരമാവധി 100 പേര്‍ക്കായിരിക്കും കുത്തിവയ്പ്പ് നല്‍കുക. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അടങ്ങുന്ന സംഘത്തെയാണ് എല്ലാ കേന്ദ്രങ്ങളിലും ഇതിനായി നിയോഗിക്കുക.
കൊവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവരുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് തുടര്‍ന്ന് വാക്‌സിനേഷന്‍ നടത്തുക. പോലിസ്, റവന്യൂ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും. വാഹന ഡ്രൈഡവര്‍മാര്‍, ബസ് കണ്ടക്ടര്‍മാര്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഇതോടൊപ്പം നല്‍കും.
ഇതിനുശേഷം രണ്ടുഘട്ടങ്ങളിലായി അറുപത് വയസിനു മുകളിലുള്ളവര്‍ക്കും അമ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കും. 50 വയസിനു താഴെയുള്ളവരെയാണ് തുടര്‍ന്ന് പരിഗണിക്കുക. ഈ പ്രായവിഭാഗത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.
ഘട്ടംഘട്ടമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സി ജെ സിത്താര, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ കെ വി ആശാമോള്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍, ബിഡിഒമാര്‍ തുടങ്ങി നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.