രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ പ്രകടനപത്രിക

തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും, സേതുസമുദ്രം പദ്ധതി പുനരാരംഭിക്കും തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Update: 2019-03-19 17:36 GMT

ചെന്നൈ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുമെന്ന് യുപിഎ ഘടകക്ഷിയായ ഡിഎംകെയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമായ വിഷയത്തിലാണ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് യുപിഎ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയുടെ പിതാവും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഭര്‍ത്താവുമായ രാജീവ് ഗാന്ധി വധക്കേസില്‍ നിര്‍ണായക നിലപാടെടുത്ത് രംഗത്തെത്തിയത്. കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജയില്‍മോചനം നല്‍കുമെന്നതിനു പുറമെ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കും, സേതുസമുദ്രം പദ്ധതി പുനരാരംഭിക്കും തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ചാണ് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രകടന പത്രിക തയ്യാറാക്കിയത്. നോട്ട് നിരോധനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കും, നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കും, സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഔദ്യോഗിക ഭാഷ തമിഴാക്കും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്ര, കര്‍ഷകര്‍ക്ക് പ്രത്യേക ബജറ്റ്, ദേശീയപാതയില്‍ ടോള്‍പിരിവ് നിര്‍ത്തലാക്കും, വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളും, പുതുച്ചേരിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും തുടങ്ങിയവ വാഗ്ദാനങ്ങളും ഡിഎംകെയുടെ പ്രകടനപത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 20 സീറ്റില്‍ മല്‍സരിക്കുന്ന മുന്നണിയില്‍ കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ എന്നീ കക്ഷികളും ഇടതു പാര്‍ട്ടികളുമുണ്ട്.




Tags:    

Similar News