കള്ളപ്പണം വെളുപ്പിക്കല്‍: ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ ഇഡി റെയ്ഡ്
നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവല്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച രാത്രിയിലെ റെയ്ഡ്.
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവല്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച രാത്രിയിലെ റെയ്ഡ്. ജെറ്റ് എയര്‍വെയ്‌സിനും ഗോയലിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് മുംബൈ സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഗോയലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശനാണ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ സപ്തംബറില്‍ ഗോയലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയര്‍വെയ്‌സ് ജെറ്റ് എയര്‍വെയ്‌സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. എട്ടുമണിക്കൂറാണ് ഗോയലിനെ അന്ന് ഇഡി ചോദ്യം ചെയ്തത്.
കൂടാതെ മുംബൈയിലെ ഗോയലിന്റെ വസതി, ഗ്രൂപ്പ് കമ്പനികള്‍, ഡയറക്ടര്‍മാറുടെ വസതികള്‍, ജെറ്റ് എയര്‍വെയ്‌സിന്റെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി. 19 സ്വകാര്യകമ്പനികളാണ് ഗോയലിന്റെ കീഴിലുള്ളത്. ഇതില്‍ അഞ്ചെണ്ണം വിദേശത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി ഗോയലും കുടുംബവും രാജ്യം വിടുന്നതും എന്‍ഫോഴ്‌സമെന്റ് വിലക്കിയിരുന്നു. മെയിലാണ് രാജ്യം വിടുന്നതിനിടെ ഗോയലിനെയും ഭാര്യ അനിതാ ഗോയലിനെയും മുംബൈ വിമാനത്താവളത്തില്‍നിന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്.