1,064 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ്; തെലങ്കാന ടിആര്‍എസ് എംപിയുടെ വീട്ടില്‍ ഇഡി റെയ്ഡ്
റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ് കമ്പനി എന്ന ബിസിനസ് സ്ഥാപനം നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് 2019ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി അന്വേഷണം.
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി നേതാവും എംപിയുമായ നാമ നാഗേശ്വര റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 1,064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ് കമ്പനി എന്ന ബിസിനസ് സ്ഥാപനം നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് 2019ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി അന്വേഷണം. ഹൈദരാബാദിലെ റാവുവിന്റെയും റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ് ഡയറക്ടര്‍മാരുടെയും ഓഫിസുകളില്‍ അടക്കം ആറിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
2012ല്‍ നടന്ന തട്ടിപ്പില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2012 ഡിസംബറില്‍ ആരംഭിച്ച ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ കാലതാമസം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്‌ഐഒ) നിര്‍ദേശം നല്‍കിയത്. എസ്എഫ്‌ഐഒയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്.
റാഞ്ചി- ജംഷദ്പൂര്‍ (എന്‍എച്ച് 33) പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2019 മാര്‍ച്ചില്‍ റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ്, മധുകോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഓഫ് ബാങ്കുകള്‍ എന്നിവര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പദ്ധതിയുടെ പുരോഗതി പരിശോധിക്കാതെ കാനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 1,029.39 കോടി രൂപ അനുവദിച്ചതായും ഇതില്‍ 264 കോടി രൂപ ഈ കമ്പനികള്‍ വകമാറ്റിയതായും ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടില്ലെന്നും എസ്എഫ്‌ഐഒ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.