ഇവിഎം: കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസ്. കേരളത്തിലടക്കം ഇത്തരത്തില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വോട്ട് മാറി പോള്‍ ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയരുകയും തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ മുന്നോട്ടുവന്നിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുംബൈ സ്വദേശി അഡ്വ. സുനില്‍ അഹ്യയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും അത് മറ്റൊരാള്‍ക്ക് പോള്‍ ചെയ്യപ്പെടുകയും ചെയ്തതായി പരാതി ഉന്നയിച്ച വ്യക്തി അത് തെളിയിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കേസെടുക്കും. തെറ്റായ വിവരം നല്‍കിയതിന് ആ വ്യക്തിക്കെതിരേ ക്രിമിനല്‍ നിയമം 177ാം വകുപ്പ് പ്രകാരം കേസെടുക്കും. ആറ് മാസം തടവോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വോട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പിശകുകളുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍നിന്ന് ഇത്തരമൊരു നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ നവീകരിക്കുന്നതില്‍ ഇത്തരം പരാതികളും ചോദ്യംചെയ്യലുകളും അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.
മൂന്നാംഘട്ട വോട്ടെടുപ്പില്‍, താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ വിവരങ്ങളല്ല വിവിപാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്ന ആരോപണം തെളിയിക്കാനാവാത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ എബിന്‍ എന്ന യുവാവിനെതിരേ കേസെടുത്തിരുന്നു. അസമിലെ മുന്‍ ഡിജിപിയും എഴുത്തുകാരനുമായ ഹരേകൃഷ്ണ ദേഖയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നതിനാല്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.