സില്‍കാര തുരങ്കത്തിലെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഒരു മാസത്തോളം വേണ്ടിവരുമെന്ന് വിദഗ്ധര്‍

Update: 2023-11-26 09:58 GMT

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍കാര തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസമാകുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിന് ഇന്ത്യന്‍ സൈന്യവും ട്രെഞ്ച്‌ലെസ്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, തുരങ്കത്തിന്റെ മേല്‍ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തകരാറിലായിക്കിടക്കുന്ന ഓഗര്‍ യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ സാങ്കേതിക വിദഗ്ദര്‍ ആദ്യം നീക്കംചെയ്യും. ഇതിനായി ഒരു ദിവസം മുഴുവന്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യാധ്വാനം ഉപയോഗിച്ച് തുരക്കേണ്ടിവന്നാല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ചിലപ്പോള്‍ ഒരുമാസത്തോളം വേണ്ടിവരുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നു. ക്രിസ്മസിന് മുന്‍പായി തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് തുരങ്കനിര്‍മാണ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പ്രവര്‍ത്തനം തടസ്സപ്പെടുംമുന്‍പ് ഓഗര്‍ യന്ത്രം 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിങ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പുപാളികളില്‍ തട്ടി പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു. തടസ്സങ്ങള്‍ നീക്കിയാലുടന്‍ തിരശ്ചീനമായ ഡ്രില്ലിങ് തുടരും. ഇതിനായാണ് സൈന്യത്തിന്റെ സേവനം ആവശ്യംവരുന്നത്. തിരശ്ചീനമായ ഡ്രില്ലിങ് 60 മീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികളുടെ അടുത്തെത്താം. എന്നാല്‍, ലംബമായ ഡ്രില്ലിങ്ങിന് 82 മീറ്റര്‍ തുരക്കണം. മുകളില്‍നിന്നുള്ള ഡ്രില്ലിങ് പൂര്‍ത്തിയാക്കാന്‍ വൈകുമെന്നും ദൗത്യത്തിന് നേതൃത്വം നല്‍കുന്ന തുരങ്കനിര്‍മാണ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു.

തൊഴിലാളികളുമായി സംസാരിക്കാന്‍ തുരങ്കത്തില്‍ ലാന്‍ഡ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാം. ലാന്‍ഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണുകള്‍ ഭക്ഷണം എത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കുഴലുകള്‍ വഴിയാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചത്. തുരങ്കത്തില്‍നിന്ന് 200 മീറ്റര്‍ അകലെ ഇതിനാവശ്യമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തില്‍ സ്ഥാപിച്ച എന്‍ഡോസ്‌കോപിക് ക്യാമറയും വാക്കിടോക്കികളും വഴിയാണ് ഇപ്പോള്‍ തൊഴിലാളികളുമായി സംസാരിക്കുന്നത്.


Tags:    

Similar News