ഗാസിയാബാദ് സ്റ്റേഷനില്‍ ശതാബ്ദി എക്‌സ്പ്രസിന് തീപ്പിടിച്ചു; ആളപായമില്ല
ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. തീ പടര്‍ന്നതോടെ കോച്ചിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല.
ന്യൂഡല്‍ഹി: ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ശതാബ്ദി എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീപ്പിടിച്ചു. ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കോച്ച് വേര്‍പെടുത്തി ട്രെയിന്‍ യാത്ര പുനരാരംഭിച്ചിട്ടുണ്ട്.
ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. തീ പടര്‍ന്നതോടെ കോച്ചിന്റെ വാതിലുകള്‍ തുറക്കാന്‍ സാധിച്ചില്ല. വാതിലുകള്‍ തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറ് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ബോഗി ട്രെയിനില്‍നിന്ന് വേര്‍പെടുത്തിയാണ് തീയണയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാര്‍ച്ച് 13ന് ഡെറാഡൂണ്‍ ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസിന് തീപ്പിടിച്ചിരുന്നു. 35 യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അന്ന് അപകടമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ ആളുകളെ മറ്റു കോച്ചുകളിലേക്ക് മാറ്റിയതോടെ വന്‍ ദുരന്തമൊഴിവായി.