മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
പ്രധാനമന്ത്രി സ്ഥിരമായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. എല്ലായ്‌പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു നോക്കി നില്‍ക്കുകയും ചെയ്യുന്നു. ഇത് പൊതു ജനം കാണുന്നുണ്ട്. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച നടപടി, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഖുറേഷി പറഞ്ഞു
ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനെ സസ്‌പെന്റ് ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ, കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത നടപടി ശരിയല്ലെന്നു ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി സ്ഥിരമായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. എല്ലായ്‌പോഴും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു നോക്കി നില്‍ക്കുകയും ചെയ്യുന്നു. ഇത് പൊതു ജനം കാണുന്നുണ്ട്. മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത കമ്മീഷന്റെ നടപടി തെറ്റാണ്. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച നടപടിയെ എതിര്‍ക്കേണ്ടതില്ല. ഹെലികോപ്റ്റര്‍ പരിശോധിച്ച നടപടി, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും ഖുറേഷി പറഞ്ഞു. മോദി വരുന്നതിനു ഒരു ദിവസം മുമ്പു സാംബല്‍പുരിലെത്തിയ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി എതിര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.