കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു, ഒരു പോലിസുകാരന് പരിക്ക്

നാഗര്‍കോട്ട മേഖലയില്‍ 270 കിലോമീറ്റര്‍ നീളമുള്ള ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.

Update: 2020-11-19 05:40 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. നാല് സായുധര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഏറ്റുമുട്ടലിനിടെ ഒരു പോലിസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് പോലിസ് വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാഗര്‍കോട്ട മേഖലയില്‍ 270 കിലോമീറ്റര്‍ നീളമുള്ള ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.

സായുധര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ട്രക്കില്‍ സായുധര്‍ നീങ്ങുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്. വാഹനം തടഞ്ഞതിനെത്തുടര്‍ന്നാണ് ട്രക്കില്‍ ഒളിച്ചിരുന്ന സായുധര്‍ സുരക്ഷാസേനയ്ക്കുനേരേ വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നതായാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മു- ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

നേരത്തെ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സായുധര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബുധനാഴ്ച വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്ക് കാക്കപൊരയില്‍ സിആര്‍പിഎഫ് വാഹനത്തിനുനേരെയാണ് സായുധര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാല്‍, ലക്ഷ്യം തെറ്റുകയും ഗ്രനേഡ് തിരക്കേറിയ ദേശീയപാതയില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഹനയാത്രികരായ 12 പേര്‍ക്ക് പരിക്കേറ്റതെന്ന് പുല്‍വാമ പോലിസ് വ്യക്തമാക്കി.

Tags:    

Similar News