ബംഗളൂരുവില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി; വന്‍ ദുരന്തമൊഴിവായി

180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗോ എയര്‍ വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Update: 2019-11-15 01:01 GMT

ബംഗളൂരു: ലാന്‍ഡിങ്ങിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. റണ്‍വേയില്‍നിന്ന് സമീപത്തെ പുല്‍മേട്ടിലേക്കാണ് വിമാനം തെന്നിമാറിയത്. ഈ സമയം പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് പുല്‍മേട്ടില്‍നിന്ന് വീണ്ടും പറന്നുയര്‍ന്നതിനാല്‍ വന്‍ദുരന്തമാണൊഴിവായത്. പിന്നീട് ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഗോ എയര്‍ വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപോര്‍ട്ടില്ല. എന്നാല്‍, വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ മോശം കാലാവസ്ഥ കൊണ്ടാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാവാന്‍ ഡിജിസിഎ നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വിമാനം ഹൈദരാബാദില്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ ഡാറ്റയും മറ്റ് റെക്കോര്‍ഡര്‍ ഡാറ്റയും വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനം അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടതുവശത്തെ എന്‍ജിനും തകരാറിലായി. ഹൈദരാബാദില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇടത് മെയിന്‍ ലാന്‍ഡിങ് ഗിയറില്‍ ചെളി രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News