400 കോടി വിലവരുന്ന ഹെറോയിനുമായി പാക് മല്‍സ്യബന്ധന ബോട്ട് ഗുജറാത്തില്‍ പിടിയില്‍

Update: 2021-12-20 02:54 GMT

അഹമ്മദാബാദ്: 400 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായെത്തിയ പാക് മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 77 കിലോ ഹെറോയിനുമായെത്തിയ 'അല്‍ ഹുസൈനി' എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ബോട്ട് പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി പാകിസ്താനില്‍നിന്നുള്ള കള്ളക്കടത്തുകാര്‍ ഗുജറാത്ത് തീരം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ഗതാഗത മാര്‍ഗമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) ഹിമാന്‍ഷു ശുക്ല പറഞ്ഞു.

അത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 2016 മുതല്‍ ഗുജറാത്ത് എടിഎസ് 1,900 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതില്‍ 900 കോടി രൂപയുടെ മയക്കുമരുന്ന് ഈ വര്‍ഷം മാത്രം കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില പ്രധാന കേസുകളിലായി എഴുപതിലധികം പേരെ ഇക്കാലയളവില്‍ എടിഎസ് പിടികൂടിയിട്ടുണ്ടെന്നും എടിഎസ് വ്യക്തമാണ്.

Tags:    

Similar News