ഡല്‍ഹി: ഗ്യാന്‍വാപി പള്ളിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എട്ട് ആഴ്ച കൂടി അധിക സമയം അനുവദിച്ച് വാരാണസി കോടതി. നാലാഴ്ചയാണ് സര്‍വേ പൂര്‍ത്തിയാക്കാന്‍ എഎസ്‌ഐയ്ക്ക് സമയം നല്‍കിയിരുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് അനുവദിച്ച സമയം അവസാനിച്ചത്. എന്നാല്‍ സര്‍വേ പൂര്‍ത്തിയായില്ലെന്ന് എഎസ്‌ഐ അറിയിക്കുകയായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സര്‍വേ നടത്തുന്നത്. സര്‍വേ അത്യാവശ്യമാണെന്നും, സര്‍വേ നടന്നെങ്കില്‍ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് ഗ്യാന്‍വാപിയില്‍ സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് അധിക സമയം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റിയുടെ വാദം ജില്ലാ ജഡ്ജി എ കെ വിശ്വേഷ് അംഗീകരിച്ചില്ല.
സര്‍വേ നടത്താമെന്ന ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി സ്റ്റേ നല്‍കാന്‍ വിസമ്മതിച്ചു. അതിനാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വേ നടപടികള്‍ ആരംഭിക്കുകയായിരുന്നു.51 അംഗ സംഘമാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയുടെ ഭാഗമായി പള്ളിപരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് പരിശോധന പാടില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.