ഹരിയാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; എട്ട് വിമതരെ പുറത്താക്കി

Update: 2024-09-30 07:28 GMT

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഹരിയാന മുന്‍മന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവര്‍ഷത്തേക്ക് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ചൗട്ടാല ബി.ജെ.പി. വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്കെതിരെ മത്സരിക്കാന്‍ ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. രഞ്ജിത് സിങ് ചൗട്ടാലയ്ക്കു പുറമെ, സന്ദീപ് ഗാര്‍ഗ്, സൈല്‍ റാം ശര്‍മ, ബച്ചന്‍ സിങ് ആര്യ, രാധ അഹ്ലാവത്ത്, നവീന്‍ ഗോയല്‍, കെഹാര്‍ സിങ് റാവത്ത് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കള്‍.

നേതാക്കള്‍ക്കിടയില്‍ ഐക്യം കൊണ്ടുവരാന്‍ സാധിക്കാത്ത പാര്‍ട്ടിക്ക് എങ്ങിനെയാണ് സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കോണ്‍ഗ്രസിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ ചോദിച്ചിരുന്നു. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്നും മോദി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബി ജെ പിയിലും ഉള്‍പാര്‍ട്ടി പോര് രൂക്ഷമാകുന്നത്.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ 13 നേതാക്കളെ ഹരിയാന കോണ്‍ഗ്രസ് വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.






Tags:    

Similar News