'അവന്‍ കുട്ടിയാണ്'; രാഹുലിനെ പരിഹസിച്ച് മമത
അയാള്‍ക്ക് തോന്നുന്നതെല്ലാം പറയാം. അതിലൊന്നും പ്രതികരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ കുട്ടിയല്ലേ, അതിനെ കുറിച്ച് ഞാനെന്താണു പറയേണ്ടത് എന്നായിരുന്നു മമതയുടെ പരിഹാസം.
കൊല്‍ക്കത്ത: കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെ മമത സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നതില്‍ പരാജയമാണെന്നു വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രംഗത്ത്. അവന്‍ കുട്ടിയാണെന്നായിരുന്നു ആരോപണത്തെ കുറിച്ചുള്ള മമതയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മിനിമം വരുമാനം പദ്ധതി ഉറപ്പാക്കുമെന്ന് രാഹുലിന്റെ പ്രഖ്യാപനത്തെയും മമത നിരസിച്ചു. അയാള്‍ക്ക് തോന്നുന്നതെല്ലാം പറയാം. അതിലൊന്നും പ്രതികരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ കുട്ടിയല്ലേ, അതിനെ കുറിച്ച് ഞാനെന്താണു പറയേണ്ടത് എന്നായിരുന്നു മമതയുടെ പരിഹാസം. കഴിഞ്ഞ ആഴ്ച മാല്‍ഡയില്‍ നടന്ന റാലിയിലാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മോദി-മമത സര്‍ക്കാരുള്‍ക്കെതിരേ ആഞ്ഞടിച്ചത്. മമതയ്ക്കു കീഴില്‍ ബംഗാളില്‍ യാതൊരു വികസനവും മാറ്റവും ഇല്ലെന്നായിരുന്നു രാഹുലിന്റെ ആരോപണം. കുറഞ്ഞ വരുമാനം ഉറപ്പിക്കല്‍ പദ്ധതിയെ രാഹുല്‍ ഒടുവിലത്തെ ആയുധമായും ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കായുമാണ് വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുഭരണത്തിനു അന്ത്യം കുറിച്ച തൃണമൂല്‍ കോണ്‍ഗ്രസുമായി സംസ്ഥാനത്ത് കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളത്. ദേശീയതലത്തില്‍ മമതയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ്, പക്ഷേ ബംഗാളില്‍ അകലം പാലിക്കുകയാണ്. അധികാരവും സേനയെയും ഉപയോഗിച്ച് പാര്‍ട്ടിയെ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ ആരോപണം.