കൊവിഡ്: അസാധ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഹൈക്കോടതികള്‍ ഒഴിവാക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവുകള്‍ ഹൈക്കോടതികള്‍ പുറപ്പെടുവിക്കുന്നത് ഒഴിവാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാലുമാസത്തിനകം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. യുപിയിലെ എല്ലാ ഗ്രാമങ്ങളിലും രണ്ട് ഐസിയു ആംബുലന്‍സുകള്‍ വീതമുണ്ടെന്ന് ഒരുമാസത്തിനകം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ ഉത്തരവുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ ഹൈക്കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ജസ്റ്റിസുമാരായ വിനീത് സരണ്‍, ബി ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍, ഹൈക്കോടതി നടത്തിയ 'ദൈവത്തിന്റെ കാരുണ്യം' (രാം ഭാരോസ്) എന്ന പരാമര്‍ശം നീക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഹൈക്കോടതി നടത്തിയ അത്തരം നിരീക്ഷണങ്ങള്‍ ഉപദേശമെന്ന നിലയില്‍ മാത്രം കണക്കാക്കിയാല്‍ മതിയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
യുപിയിലെ ആരോഗ്യപരിപാലന സംവിധാനങ്ങളിലെ പാളിച്ചകളെക്കുറിച്ച് പറയുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിദ്ധാര്‍ഥ് വര്‍മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമര്‍ശം നടത്തിയത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ആരോഗ്യസംവിധാനങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബെഞ്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കൊവിഡ് രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഇത്.
യുപിയിലെ ആരോഗ്യസംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണെന്ന് ഏതാനും മാസങ്ങള്‍കൊണ്ടുതന്നെ തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, 'ദൈവത്തിന്റെ കാരുണ്യം' പോലുള്ള പരാമര്‍ശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതുമാണെന്ന് യുപി സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളുടെ കാര്യത്തില്‍ കടുത്ത ഉത്കണ്ഠയുള്ളതുകൊണ്ടാണ് ഹൈക്കോടതി അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് സുപ്രിംകോടതി ബഞ്ച് മറുപടി നല്‍കി. ഇതൊരു ഉത്തരവായി കാണേണ്ടതില്ല, ഉപദേശമോ നിരീക്ഷണമോ ആയി സ്വീകരിച്ചാല്‍ മതിയെന്നും സുപ്രിംകോടതി വ്യക്തമാക്കി. കൊവിഡ് പടര്‍ന്നുപിടിച്ചശേഷം യുപിയില്‍ 16.51 ലക്ഷം കേസുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം മുതല്‍ പ്രതിദിന കൊവിഡ് രോഗികള്‍ 20,000 കടന്നിരുന്നു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പൊഴും രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ കടുത്ത ദുരിതം നേരിടുകയാണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.