കൊവിഡ് കേസുകള്‍ കുറയുന്നു; ഹിമാചല്‍പ്രദേശില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു
ഷിംല: ഹിമാചല്‍ പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രാത്രി കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനമായത്ത്. അതേസമയം, ഒത്തുചേരലുകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക, മത, സാംസ്‌കാരിക, രാഷ്ട്രീയ ചടങ്ങുകള്‍ക്കുള്ള നിയന്ത്രണം തുടരും. ഇവിടങ്ങളില്‍ പരമാവധി 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂ.
ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ആറ് ദിവസത്തെ പ്രവൃത്തി സമയം പുനസ്ഥാപിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭിന്നശേഷിക്കാരായ ജീവനക്കാരും ഗര്‍ഭിണികളും വീട്ടിലിരുന്ന് ജോലിചെയ്യുന്നത് തുടരും. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും 100 ശതമാനം ശേഷിയോടെ ആഴ്ചയില്‍ ആറ് ദിവസവും സാധാരണപോലെ തുറന്നുപ്രവര്‍ത്തിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നും അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനായി ജനുവരി അഞ്ചിനാണ് സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരുന്നു കര്‍ഫ്യൂ. ഫെബ്രുവരി 8ന് 4,812 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരി 1ന് ഇത് 9,672 ആയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി 5ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പിന്നീട് ജനുവരി 31ന് രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി മാറ്റുകയും ചെയ്തിരുന്നു. രാത്രി കര്‍ഫ്യൂ നിരോധിച്ചെങ്കിലും ഒത്തുചേരലുകള്‍ക്കുള്ള നിയന്ത്രണം തുടരും.