ഗാന്ധിക്കുനേരെ പ്രതീകാത്മകമായി വെടിവച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ പാണ്ഡെ പിടിയില്‍
ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു. യുപിയിലെ അലീഗഢില്‍ വച്ചാണു ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്.
അലിഗഡ്: മഹാത്മാഗാന്ധിയുടെ 71ാം ചരമ വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ രൂപത്തിലേക്കു പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും അറസ്റ്റില്‍. അലിഗഡിലെ താപ്പാലില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കേസില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു. യുപിയിലെ അലീഗഢില്‍ വച്ചാണു ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ രൂപം ഉണ്ടാക്കി പൂജ പാണ്ഡെ കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഇതിനുശേഷം രക്തമൊഴുക്കുകയും ഗാന്ധിയുടെ രൂപം കത്തിക്കുകയും ചെയ്തു. നേതാക്കള്‍ ഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. സംഭവത്തിന്റെ വീഡിയോ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. മുമ്പും പലതവണ ഗോഡ്‌സെയെ ന്യായീകരിച്ചും പിന്തുണച്ചും ഹിന്ദുമഹാസഭ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗോഡ്‌സെ രാജ്യ സ്‌നേഹിയാണെന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും ഹിന്ദുമഹാസഭ നേതാവ് സ്വാമി പ്രണവാനന്ദ പ്രഖ്യാപിച്ചിരുന്നു.