ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ കാവല്‍ സംവിധാനങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ വിലയിരുത്തി. അതിര്‍ത്തി സുരക്ഷാസേന(ബി എസ്എഫ്)യിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അയല്‍രാജ്യങ്ങളുമായി തുറന്ന അതിര്‍ത്തിയുളള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളിലെ കര്‍ഷകര്‍ക്ക് കൊവിഡ് 19 രോഗത്തെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കണം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണം. അതിര്‍ത്തി ഭേദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നു പ്രദേശവാസികളെ പിന്തിരിപ്പിക്കണം.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് ജവാന്‍മാര്‍ അതിര്‍ത്തി മേഖലകളിലെ കുടിയേറ്റത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, വിദൂരമേഖലകളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍, മരുന്ന്, വെള്ളം റേഷന്‍ എന്നിവയും യഥാസ്ഥലങ്ങളിലെത്തിക്കാനും സൈനികര്‍ ശ്രമിക്കുന്നുണ്ട്. അണുനാശിനികളും മുഖാവരണങ്ങളും നല്‍കി രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും നാട്ടുകാരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ജി കിഷന്‍ റെഡ്ഢി, നിത്യാനന്ദ റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, അതിര്‍ത്തികാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി, അതിര്‍ത്തി സംരക്ഷണസേന ഡയറക്ടര്‍ ജനറല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.