കൊവിഡ് വ്യാപനം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ താല്‍ക്കാലിക വിലക്ക്

ഒരുമാസത്തിനിടെ ഹോങ്കോങ്ങില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഹോങ്കോങ്ങില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പുതുതായി റിപോര്‍ട്ട് ചെയ്ത 23 കേസുകളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍നിന്ന് അടുത്തിടെ എത്തിയവരാണെന്ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-09-21 03:27 GMT

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മൂന്നുവരെയാണ് എയര്‍ഇന്ത്യ, കാതേ ഡ്രാഗണ്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഹോങ്കോങ് ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സപ്തംബര്‍ 18ന് ക്വാലാലംപൂരിനും ഹോങ്കോങ്ങിനുമിടയില്‍ കാതേ ഡ്രാഗണ്‍ വിമാനത്തില്‍ സഞ്ചരിച്ച ഇന്ത്യയില്‍നിന്നുള്ള അഞ്ച് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കാതേ പസഫിക് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. ഒരുമാസത്തിനിടെ ഹോങ്കോങ്ങില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഹോങ്കോങ്ങില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പുതുതായി റിപോര്‍ട്ട് ചെയ്ത 23 കേസുകളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍നിന്ന് അടുത്തിടെ എത്തിയവരാണെന്ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ റിപോര്‍ട്ട് ചെയ്യുന്നു.

പ്രാദേശികമായി നാലുപേര്‍ക്ക് മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോങ്ങിലെത്താന്‍ അനുവദിക്കൂവെന്ന് ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ആഗസ്തിലും ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News