അമേരിക്കയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ

Update: 2022-01-21 01:40 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. യുഎസ് അതോറിറ്റിയുടെ അനുമതിയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇന്നലെ മുതല്‍ ബി 777 വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചത്. ഇതനുസരിച്ച് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ചിക്കാഗോയിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

2022 ജനുവരി 21 മുതല്‍ യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളും സാധാരണ നിലയിലാക്കുമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. 5ജി മൊബൈല്‍ സേവനങ്ങളുടെ വിപുലീകരണം നടക്കുന്നതിനാലുണ്ടാവാവുന്ന സാങ്കേതിക തടസ്സങ്ങളെക്കുറിച്ച് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് യുഎസിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയുള്‍പ്പെടെ റദ്ദാക്കിയത്. ഇന്ത്യ- യുഎസ് റൂട്ടുകളിലെ എട്ട് വിമാനങ്ങളാണ് എയര്‍ ഇന്ത്യ ബുധനാഴ്ച റദ്ദാക്കിയത്. എയര്‍ ഇന്ത്യ വ്യാഴാഴ്ച മുതല്‍ മൂന്ന് ദുരിതാശ്വാസ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചു. വെള്ളിയാഴ്ച മുതല്‍ സാധാരണ സര്‍വീസ് പുനരാരംഭിക്കുമെന്നും മണികണ്‍ട്രോളില്‍നിന്നുള്ള റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News